ചാക്കോച്ചന്റെ ഭാര്യയാവാനുള്ള അവസരം നഷ്ടപ്പെട്ടത് വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി ഭാമ

 

l

ചാക്കോച്ചന്റെ ഭാര്യ വേഷം നഷ്ടപ്പെട്ടത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി ഭാമ. മലയാള സിനിമയില്‍ വ്യത്യസ്ത ശൈലിയുമായെത്തിയ സംവിധായകനായിരുന്നു രാജേഷ് പിള്ള. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രവുമായി കടന്നുവന്ന രാജേഷ് പിള്ളയുടെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒരേ പോലെ വേദനിപ്പിച്ചിരുന്നു.
പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായ ശൈലിയില്‍ സിനിമ ഒരുക്കിയ അദ്ദേഹത്തിന്റെ സിനിമകളില്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. ട്രാഫിക്, മിലി, വേട്ട തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വേട്ടയിലെ മെല്‍വിന്‍. മെല്‍വിന്റെ ഭാര്യയായ ഷെറിനെ അവതരിപ്പിച്ചത് കാതല്‍ സന്ധ്യയായിരുന്നു.
എന്നാല്‍ ഈ വേഷത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നുവെന്നും അത് നഷ്ടമായപ്പോള്‍ താന്‍ വല്ലാതെ സങ്കടപ്പെട്ടുവെന്നും ഭാമ പറയുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്ക് കടന്നുവന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നതിന് തന്നെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്.
വേട്ടയിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ആകെ ത്രില്ലിലായിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ചിത്രത്തില്‍ ഒരു പാട്ടുണ്ടെന്നും അറിയാമായിരുന്നു. ഭയങ്കര സന്തോഷമായിരുന്നു ഇതൊക്കെ അറിഞ്ഞപ്പോള്‍. രാജേഷ് പിള്ള വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണെന്നും അതുകൊണ്ട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജേഷ് പിള്ളയുടെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇത് മുതലെടുക്കുകയാണ് അദ്ദേഹമെന്ന തരത്തില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പ്രതിഫലം കുറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് അദ്ദേഹമെന്ന തരത്തിലായിരുന്നു അവര്‍ പറഞ്ഞത്.
പ്രതിഫലം കുറയ്ക്കാനുള്ള ശ്രമത്തിന് വേണ്ടിയാണ് അങ്ങനെ സംസാരിച്ചതെന്ന് മനസ്സിലാക്കാതെയാണ് ആ സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. രാജേഷ് പിള്ളയ്ക്ക് അസുഖത്തെക്കുറിച്ചും അറിയില്ലായിരുന്നുവെന്ന് ഭാമ പറയുന്നു. രാജേഷ് പിള്ളയുടെ മരണം തന്നെ ഞെട്ടിച്ചു. അതിന് ശേഷമാണ് വേട്ട നിര്‍മ്മിച്ചത് അദ്ദേഹമാണെന്ന് മനസ്സിലാക്കിയതെന്നും താരം പറയുന്നു.