ഐശ്വര്യ റായിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാനേജര്‍

കഴിഞ്ഞ കുറച്ച് നാളുകളായി ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡനക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഞ്ജലീന ജൂലി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ വരെ ഹാര്‍വിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നുവരെ ഹാര്‍വിയെ പുറത്താക്കി.

എന്നാല്‍, ഇന്ത്യയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഹാര്‍വിയുടെ പീഡനശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരില്‍ ഒരു ബോളിവുഡ് താരവുമുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ ഐശ്വര്യ റായ്. വെറൈറ്റി ഡോട്ട് കോമാണ് ഈ ഞെട്ടുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡാണ് വെറൈറ്റിയിലെഴുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തില്‍ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്ന് ഷെഫീല്‍ഡ് പറഞ്ഞു.

കാന്‍ ചലച്ചിത്രോത്സവം, ആം ഫാര്‍ ഗാല തുടങ്ങിയവയില്‍ വച്ച് കണ്ട് ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി ഹാര്‍വി നല്ല അടുപ്പത്തിലായിരുന്നു. ഇതുവെച്ച് ഒരിക്കല്‍ ഐശ്വര്യയെ തനിച്ചു കാണണമെന്ന് ഹാര്‍വി ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള കരുനീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഞാന്‍ ഇടപെട്ടാണ് ഇത് തടഞ്ഞ് അപകടം ഒഴിവാക്കിയത്‌ഷെഫീല്‍ഡ് വെളിപ്പെടുത്തി.
അവളെ ഒറ്റയ്ക്ക് ഒന്ന് കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി ഒരിക്കല്‍ ചോദിച്ചതായും ഷെഫീല്‍ഡ് പറയുന്നു. ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാതിരുന്നപ്പോള്‍ താക്കീതായി. അധിക്ഷേപിച്ചു. മേലില്‍ ഒരു ജോലിയും ലഭിക്കില്ലെന്ന് ഭീഷണി മുഴക്കി. ഒന്നുറപ്പ്, എന്റെ ക്ലയന്റിന്റെ അടുത്ത് ഒന്ന് ശ്വാസം വിടാനുള്ള അവസരം പോലും ഞാനുണ്ടാക്കിക്കൊടുത്തിട്ടില്ലഷെഫീല്‍ഡ്.

സ്ത്രീകളെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നു പറഞ്ഞ് തന്റെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിക്കുകയും അവരെ നഗ്‌നരാക്കി വരവേല്‍ക്കുകയും ചെയ്യുന്നതാണ് ഹാര്‍വിയുടെ പതിവ്. അല്ലെങ്കില്‍ അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ അവര്‍ക്ക് മുന്നില്‍ നഗ്‌നനായി കുളിക്കുകയോ ചെയ്യാറുണ്ടെന്നും വിവിധ സ്ത്രീകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് നിരവധി സ്ത്രീകളാണ് ഇയാളുടെ പീഡനത്തിന് ഇരയായിരിക്കുന്നത്.