നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി; സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.

താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ദിലീപ് ഇപ്പോള്‍. നവംബര്‍ ഒന്നു മുതല്‍ താരം ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു.

തണ്ടര്‍ഫോഴ്‌സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടര്‍ഫോഴ്‌സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. തണ്ടര്‍ഫോഴ്‌സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പൊലീസ് വിശദീകരണം തേടുകയും തണ്ടര്‍ഫോഴ്‌സ് ലൈസന്‍സുള്ള ഏജന്‍സിയാണെന്ന് പൊലീസിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

സുരക്ഷാഭീഷണി നേരിടുന്നതായി ദിലീപ് പൊലീസിനെ അറിയിച്ചിരുന്നു. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണ് ഭീഷണിയെന്നും സുരക്ഷക്കായി സ്വകാര്യഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നും നടന്നത് കൂടിയാലോചന മാത്രമാണെന്നും ദിലീപ് വിശദീകരണം നല്‍കിയിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

 

മീശമാധവൻ 2 ഉടൻ


ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാള ചലച്ചിത്രമാണ് മീശമാധവൻ. രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രം നല്ല സാമ്പത്തിക വിജയം നേടിയിരുന്നു. ദിലീപിനെ ജനപ്രിയനാക്കിയത് ഈ സിനിമയിലൂടെയാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ ഏറ്റവും പ്രമുഖനായ നിർമ്മാതാവ് ഇതിനായി ലാൽ ജോസിനെ സമീപിച്ചു എന്നാണ് കേൾക്കുന്നത്.
വിവാഹത്തിന് ശേഷം കാവ്യ മാധവൻ സിനിമയിൽ അഭിനയിച്ചിട്ടില്ല, കാവ്യയുടെ തിരിച്ചു വരവ് ഈ സിനിമയിലൂടെ ആയിരിക്കുമെന്നും പറയുന്നു. ഔദ്യോഗികമായി വാർത്ത സ്‌ഥിതീകരിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വാർത്ത പ്രചരിക്കുന്നുണ്ട്. മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും ഒന്നിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാള സിനിമ. ഒന്നര കോടി മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. 100 ദിവസം കഴിഞ്ഞപ്പോൾ തന്നെ 10 കോടി രൂപ പിരിഞ്ഞ് കിട്ടിയിരുന്നു.

തണ്ടര്‍ ഫോഴ്‌സിന്റെ സംരക്ഷണത്തിനുള്ള മറുപടി ഇന്ന് ദിലീപ് പോലീസിന് നല്‍കുന്നു

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനു സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സംരക്ഷണമൊരുക്കിയതിനെതിരേ പോലീസ് നല്‍കിയ നോട്ടീസില്‍ ഇന്ന് മറുപടി പറയും. സായുധ സംഘത്തിന്റെ സംരക്ഷണം എന്തിനെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ദിലീപിനു നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെ സിവില്‍ പോലീസ് ഓഫീസര്‍ നേരിട്ട് ചെന്നു നോട്ടീസ് നല്‍കുകയായിരുന്നു. ഇന്നു രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ മറുപടി നല്‍കണമെന്നാണു നിര്‍ദേശം.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് എന്ന സുരക്ഷാ ഏജന്‍സിയുടെ വിശദാംശങ്ങളും ആലുവ എസ്.ഐ. നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്‌നമുള്ളതായി ദിലീപ് അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എന്തിനു സായുധ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു വ്യക്തമാക്കണം. ദിലീപിനെ അനുഗമിച്ച സുരക്ഷാ സേനാംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഏജന്‍സിയുടെ ലൈസന്‍സ് രേഖകള്‍, സുരക്ഷയുടെ ഭാഗമായി സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസന്‍സ്, സുരക്ഷാ ഏജന്‍സിക്കു നല്‍കിയ കരാറിന്റെ പകര്‍പ്പ് തുടങ്ങിയവയും ഹാജരാക്കണമെന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനമധ്യത്തില്‍ ദിലീപിനുനേരേ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചതെന്നാണ് ദിലീപിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ പോലീസിനെയോ അന്വേഷണ സംഘത്തെയോ അറിയിച്ചു കൊണ്ടല്ല ഈ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ സംഭവത്തോടെ ജാമ്യവ്യവസ്ഥകളില്‍നിന്നു വ്യതിചലിച്ചതായും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം മുതലാണ് ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിന്റെ മൂന്നു സായുധ കമാന്‍ഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വ്യക്തികള്‍ക്കു സ്വകാര്യ സുരക്ഷ ഏര്‍പ്പാടാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കിടന്നയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏര്‍പ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നാണു പോലീസ് ആവശ്യപ്പെടുന്നത്.

 

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; ദിലീപിന് പൊലീസ് നോട്ടീസ്


കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് പൊലീസ് നോട്ടീസ് നല്‍കി. ഒപ്പമുള്ളവരുടെ പേരും വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു.
സായുധ സംഘത്തിന്റെ സംരക്ഷണം എന്തിനെന്ന് വ്യക്തമാക്കാനും ദിലീപിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൊട്ടാരക്കരയില്‍ വെച്ച് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിനെയാണ് നടന്‍ ദിലീപിന്റെ  സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന്  പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണ് തണ്ടർ ഫോഴ്സ്. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വൽസനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ 1000ത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്.

തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷയൊരുക്കിയ ദിലീപ് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു; ശക്തമായി പ്രതികരിച്ച് എസ് പി എ.വി ജോര്‍ജ്

ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടിയത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ആയുധമേന്തിയ ഇക്കൂട്ടര്‍ എത്തുമ്പോള്‍ ശരിക്കും പിണറായിയുടെ പോലീസിനെ വെല്ലുവിളിക്കും പോലെയാണ്. ഇത് കേരളമാണെങ്കിലും അധോലോകത്തിലെ രാജാവിനെപ്പോലെയാണ് ദിലീപിന്റെ ഈ നീക്കം. ഇതിനെതിരെ അന്വേഷണ സംഘം പരസ്യമായി രംഗത്തെത്തി.

ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് പറഞ്ഞു. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും റൂറല്‍ എസ്പി പറഞ്ഞു. സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യ വ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

അതേസമയം സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ക്ക് ശേഷം വിട്ടയച്ചു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തണ്ടര്‍ ഫോഴ്‌സിന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാല്‍ വാഹനം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

തന്റെ രഹസ്യങ്ങളെല്ലാം പൊളിയുമെന്നതിനാലാണ് പോലീസില്‍ നിന്നും സുരക്ഷതേടാന്‍ ദിലീപിന് മടിച്ചത്. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് ഈ സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി.

മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനമുണ്ട്. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധം പോലെയായി കാര്യങ്ങള്‍. ആ മാതൃകയാണ് ദിലീപ് സ്വീകരിച്ചത്. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.

ഇന്നലെ കൊച്ചിയില്‍ തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം തടഞ്ഞപ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, മലേഷ്യയില്‍ നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി തന്നെ വ്യക്തമാക്കി. പിന്നീട് രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടയച്ചു.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും.
ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

ഇന്നലെ രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പൊലീസ് സന്നാഹങ്ങളെ അനുകരിക്കുന്നവിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

മറ്റുവാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കുചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ്, അന്വേഷിച്ചപ്പോള്‍ സംഘം ആലുവയിലെ ഒരു കടയില്‍നിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.

ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്‌സിന്റെ നഗരത്തെ വിറപ്പിച്ചു കൊണ്ടുള്ള വരവ്. എന്തായായും ഈ അവിവേകം ദിലീപിന് തന്നെ വിനയാകുമെന്നതില്‍ സംശയമില്ല.

തന്നെ കുടുക്കിയത് ബിനീഷ് കോടിയേരി, സന്ധ്യ, മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ…

പുതിയ നമ്പരുകളുമായി കിംഗ് ലയർ കോടതിയിലേക്ക്
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി,, മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ, ബി സന്ധ്യ എന്നിവർക്കെതിരെ കോടതിയെ സമീപിക്കാൻ ദിലീപ് ഒരുങ്ങുന്നു. ആദ്യം ഡിജിപിയെ സമീപിക്കാനാണ് ആലോചിച്ചതെങ്കിലും അതുകൊണ്ട് ഫലമില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം.
നിരപരാധിയായ തന്നെ കള്ള കേസിൽ കുരുക്കിയെന്നാണ് ആരോപണം. എന്നാൽ എല്ലാ പഴുതും അടച്ചുള്ള കുറ്റപത്രം പോലീസ് തയ്യാറാക്കിയ പശ്ചാത്തലത്തിൽ ദിലീപിന്റെ നീക്കങ്ങൾ ഫലം ചെയ്യില്ല. നിയമപരമായ നീക്കങ്ങൾക്കൊപ്പം രാജ്യത്തെ പ്രധാനക്ഷേത്രങ്ങളിൽ ദിലീപ് വഴിപാടുകളും നേർന്നിട്ടുണ്ട്.
പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കണമെന്നും തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാനാണ് ദിലീപിന്റെ നീക്കം. ബിനീഷ് കോടിയേരി സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് തന്നെ ജയിലിൽ അടപ്പിച്ചതെന്ന് ദിലീപ് വാദിക്കുന്നു. ശ്രീകുമാർ മേനോനും ഒരു നടിയുമായുള്ള ബന്ധം തനിക്ക് വിനയായി.
താനുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നടിയുടെ വൈരാഗ്യമാണ് കേസിലേക്ക് നയിച്ചതെന്ന് ദിലീപ് വാദിക്കും. തന്റെ സിനിമാഭാവി തകർക്കുകയാണ് ലക്ഷ്യം. തന്റെ സിനിമ വിജയിച്ചതിന്റെ വാശി തീർക്കാനാണ് തന്നെ ഒന്നാം പ്രതിയാക്കുന്നത്. സിനിമാ താരവും ബി.സന്ധ്യയും തമ്മിലുള്ള അടുത്ത ബന്ധം അന്വേഷണത്തെ വഴിതെറ്റിച്ചിട്ടുണ്ട്.
പോലീസ് കള്ളക്കേസ് മെനയുന്നു എന്നതാണ് പ്രധാന വാദം. സർക്കാരിന്റെ ഇമേജ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കേസ് കുരുക്കിയത്. പുതിയൊരു ടീം കേസ് അന്വേഷിക്കണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുമെന്ന് ദിലീപ് കരുതുന്നു. നിരവധി സിനിമകളിൽ ബി.സന്ധ്യ നടി മഞ്ജുവാര്യരുടെ വഴി കാട്ടിയായിരുന്നു എന്നും ദിലീപ് ആരോപിക്കുന്നു.
സംഭവത്തിൽ വേറെ പ്രതികൾ ഉണ്ടെന്നാണ് ദിലീപിന്റെ വാദം. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെങ്കിൽ തന്നെ വിശ്വാസത്തിലെടുക്കണമെന്ന് ദിലീപ് വാദിക്കുന്നു. അതിന് മുൻവിധിയില്ലാത്ത അന്വേഷണം വേണമെന്നും ദിലീപ് പറയുന്നു. കോടതിയെ സമീപിക്കേണ്ട ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. അതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള കളികളും ഒരു ഭാഗത്തിലൂടെ നടക്കുന്നുണ്ട്. കെ. രാമൻപിള്ളയായിരിക്കും ദിലീപിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക.

സകലരേയും ഞെട്ടിച്ച് മീനാക്ഷി ദിലീപ്; ദിലീപിന്‍റെ മകള്‍ മീനാക്ഷി വീഡിയോ വൈറലാകുന്നു


ദിലീപ് മഞ്ജുവാര്യരുടെ മകള്‍ മീനാക്ഷി സിനിമയില്‍ എത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ക്യാമറയ്ക്ക് മുന്നില്‍ കൂടുതലായൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും മീനാക്ഷിയെ സ്നേഹിക്കുന്ന ഒട്ടേറെ സിനിമാ പ്രേമികളുണ്ട്. താരകുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ടാവാം മീനാക്ഷിയോട് ആരാധകര്‍ക്ക് ഇത്രയും സ്നേഹവും. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍  തരംഗമായിരിക്കുകയാണ്.
മീനാക്ഷി ഗിത്താര്‍ വായിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഗിത്താര്‍ വായനയ്ക്ക് പുറമെ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളുമുണ്ട്.

കൂട്ടുകാരിലാരോ ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ വച്ചുള്ള ആഘോഷമാണെന്ന് വ്യക്തമല്ല.
അടുത്തിടെ മീനാക്ഷി ഒരു സാരിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും വൈറലായിരിന്നു. മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്.

ദിലീപ് ഒന്നാം പ്രതിയാക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥയായ ബി.സന്ധ്യക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി താരം


യുവനടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാകുറ്റത്തിന് ദിലീപ് ഒന്നാം പ്രതിയാകാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥയായ ബി.സന്ധ്യക്കെതിരെ കോടതിയെ സമീപിക്കാൻ താരം ആലോചിക്കുന്നു. സന്ധ്യക്കെതിരെ നീക്കങ്ങൾ ശക്തമാക്കി കോടതിയിൽ നിന്ന് രക്ഷപ്പെടാനാണ് ദിലീപ് ശ്രമിക്കുന്നത്.
ലിംഗ ഛേദം സംഭവിച്ച സ്വാമി ഗംഗേശാനന്ദയെ ഇതിനകം രംഗത്തിറക്കി കഴിഞ്ഞു. സത്യസന്ധയായ ഉദ്യാഗസ്ഥയാണ് സന്ധ്യ. കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹം കൈയേറിയ സംഭവം വിവാദമാക്കി സന്ധ്യയുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യാനാണ് ശ്രമം. സന്ധ്യ ശരിയല്ലെന്ന് വരുത്തി തീർത്താൽ അന്വേഷണം മറ്റൊരു വഴിക്ക് തിരിയുമെന്നാണ് ദിലീപ് കരുതുന്നത്.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരുമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ബി.സന്ധ്യ തീരുമാനിച്ചത്. വിഷയത്തിൽ കൃത്യം നടത്തിയവരെക്കാൾ കുറ്റക്കാർ ഗൂഢാലോചന നടത്തിയവരാണ് എന്ന കണക്കുകൂട്ടലിലാണ് പോലീസ് നീങ്ങുന്നത്. ഇത്തരമൊരു വാദഗതിക്ക് കോടതിയിൽ നിലനിൽപ്പുണ്ടെന്ന ഉപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തി. എല്ലാവരുടെയും സമ്മതത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
എന്നാൽ സന്ധ്യക്കെതിരായ നീക്കങ്ങൾ ഫലിക്കാൻ യാതൊരു സാധ്യതയുമില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊറാലിറ്റി അന്വേഷണത്തെ സ്വാധീനിക്കുകയില്ല. അത്തരം വാദഗതികൾ കോടതികൾ അംഗീകരിക്കാൻ തരമില്ല. സന്ധ്യയല്ല ആര് അന്വേഷിച്ചാലും ദിലീപ് നടത്തിയ കുറ്റകൃത്യങ്ങൾ ഗുരുതര കുറ്റങ്ങൾ തന്നെയാണ്.
ഐ.ജി.സന്ധ്യയും മഞ്ജു വാര്യരും തമ്മിൽ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനും ദിലീപ് നേരത്തെ ശ്രമിച്ചിരുന്നു. തനിക്ക് പിന്നിലെ കേസ് മഞ്ജു സൃഷ്ടിച്ചതാണെന്നായിരുന്നു ആരോപണം. കേസിലെ പ്രൈമറി എവിഡൻസായ മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിലും അത് നശിപ്പിച്ചതായി മൊഴി നൽകിയ ജൂനിയർ അഭിഭാഷകനെ മാപ്പു സാക്ഷിയാക്കി അന്വേഷണ സംഘം കോടതിയെ സമീപിക്കും.

ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കാന്‍ ശ്രമിച്ചതായി ഡോക്ടർ


കൊച്ചി : നടി ആക്രമിക്കപ്പെട്ട സമയം താൻ ആശുപത്രിയിൽ ആയിരുന്നെന്ന് വരുത്താൻ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്.

മാതൃഭൂമി വാര്‍ത്താ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
ദിലീപ് ആവശ്യപ്പെട്ടിട്ടാണ് രേഖ നല്‍കിയതെന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും, നഴ്‌സും പൊലീസിന് മൊഴി നല്‍കി.
ആലുവയിലെ ആശുപത്രിയില്‍ നാല് ദിവസം പനിക്ക് ചികിത്സ തേടിയെന്നാണ് വ്യാജരേഖയുണ്ടാക്കിയത്. ഈ സമയം ദിലീപ് സിനിമയില്‍ അഭിനയിച്ചെന്ന് പൊലീസ് പറയുന്നു.
ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് ദിലീപ് ചികിത്സയില്‍ കഴിഞ്ഞതായി വ്യാജ രേഖ ഉണ്ടാക്കിയത്.
അതേസമയം യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
അന്വേഷണ ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കും.