ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെത്തേടി പ്ലസ്ടുക്കാരി കണ്ണൂരത്തെി

ഫേസ്ബുക്ക് വഴിയാണ് കോഴിക്കോട്ടുക്കാരിയായ പ്ലസ്ടു വിദ്യാര്‍ഥിനി കണ്ണൂര്‍ക്കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധത്തില്‍ രക്ഷിതാക്കള്‍ കുട്ടിക്കെതിരെ തിരിഞ്ഞു. ഒടുവില്‍ കയ്യിലുണ്ടായിരുന്ന 200 രൂപയുമായി യുവാവിനെത്തേടി കുട്ടി ഇന്നലെ രാവിലെതന്നെ കണ്ണൂരെത്തി. അപ്പോഴാണ് യുവാവ് പ്രവാസിയാണെന്നുള്ള വിവരം അറിയുന്നത്. അതോടെ ബംഗളൂരുവില്‍ പോകാമെന്ന് തീരുമാനിച്ച് വഴി അന്വേഷിക്കാന്‍ കുട്ടി എത്തിയത് കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുന്‍പിലാണ്. എന്തോ പന്തികേട് തോന്നിയ റംസീന കുട്ടിയോട് കാര്യങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ അറിഞ്ഞ റംസീന തിരിച്ച് വീട്ടില്‍ പോകാന്‍ ഉപദേശിച്ചെങ്കിലും കുട്ടി അതിനു തയ്യാറായില്ല.

വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ച കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപ്പോകുകയായിരുന്നു. കണ്ണപുരം എസ്.ഐ. ടി.വി.ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. എസ്.ഐ. കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനുശേഷം കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. അതിനെത്തുടര്‍ന്ന് രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. റംസീനയെ കണ്ടില്ലായിരുന്നെങ്കില്‍ കുട്ടി കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമായിരുന്നു