ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ്

ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിലുടന്‍ രജിസ്‌ട്രേഷന്‍ മാറും. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിലാണ് ഈ കാര്യം അറിയിച്ചത്.

പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഢംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ് റോയ്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉടമകളാരും കേരളത്തില്‍ ഇല്ലെന്ന മറുപടിയാണ് ഫഌറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. നിലവില്‍ കട്ടപ്പനയില്‍ സിനിമ ഷൂട്ടിങ്ങിലാണ് ഫഹദ് ഫാസിലുള്ളത്. കാറുടമകള്‍ നിസ്സഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഢംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. തെന്നിന്ത്യന്‍ താരം അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്.

 

 

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ സുരേഷ് ഗോപിയും

കൊച്ചി: അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. സുരേഷ് ഗോപിയുടെ ആഡംബര കാറായ ജഥ 01 ആഅ 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്.

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളു.എന്നാല്‍, വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കി അതുവച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.