ലൊക്കേഷനില്‍ ലൈംഗികാതിക്രമം; പരാതിയുമായി നിത്യാ മേനോൻ ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്


കൊച്ചി: കുമളിയിൽ സിനിമയിൽ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ. നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന പ്രാണ എന്ന ചിത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ജൂലി എറണാകുളം ഐജി ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒക്ടോബർ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലേദിവസം ലൊക്കേഷനിൽ നിന്ന് തിരിച്ചുവന്നപ്പോൾ സലിം വില്ലയിലെ എന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയിൽ നിന്ന് വിലയേറിയ ബ്രാൻഡഡ് മേക്കപ്പ്സാധനങ്ങൾ ഉൾപ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും ജൂലി പറയുന്നു.
താൻ താമസിച്ചിരുന്ന സലിം വില്ലയിൽ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയിൽ പറയുന്നു. തന്റെ ശക്തമായ ചെറുത്തുനിൽപിനെ തുടർന്ന് ആളുകൾ കൂടിയതിനാൽ ഇവർ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവർ കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് തനിയ്ക്കെതിരെ നടത്തിയതെന്നും ജൂലി കൂട്ടിച്ചേർത്തു.
11 വർഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡൽ മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി. ഇപ്പോൾ പുറത്തിറങ്ങിയ തമിഴ് ചിത്രം മെർസലിൽ ഉൾപ്പെടെ നിത്യ മേനോന്റെ പേഴ്സണൽ മേക്കപ്പ്ആർട്ടിസ്റ്റായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, ഇഷാ തൽവാർ, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങൾക്കായി ചമയമൊരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയെയും എതിർകക്ഷിയാക്കിയാണ് ജൂലി പരാതി നൽകിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയിൽ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. സലിം വില്ലയിൽ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ നിസ്സഹായരായ സ്ത്രീകൾ പരാതിപ്പെടാത്തതാണെന്നും പരാതിയിൽ ജൂലി പറഞ്ഞിട്ടുണ്ട്.
ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന പേരിൽ എന്നെ മുറിയിൽ പൂട്ടിയിട്ട് അണിയറ പ്രവർത്തകർ പോലീസിനെ മടക്കി അയയ്ക്കുകയായിരുന്നു. പോലീസിൽ പരാതി നൽകാതിരിക്കാൻ പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തിൽ കയറ്റി എറണാകുളത്ത് കൊണ്ടുവിടുകയായിരുന്നെന്നും ജൂലിയുടെ പരാതിയിലുണ്ട്.
ഒക്ടോബർ 16ന് എറണാകുളത്ത് എത്തിയിട്ട് ഒരുതവണ പോലും ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറപ്രവർത്തകരോ തന്നെ വിളിച്ചിട്ടില്ലെന്ന് ജൂലി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചിത്രത്തിലെ നായിക എറണാകുളത്ത് വരുമ്പോൾ കാണാമെന്നറിയിച്ചു. പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചപ്പോൾ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഒരു വിവരവുമില്ല-ജൂലി പറഞ്ഞു. തനിയ്ക്കുണ്ടായ അനുഭവം ഇനിയൊരാൾക്കും ഉണ്ടാകാതിരിക്കാനാണ് ഈ പോരാട്ടമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ജൂലിയെ സെറ്റിൽ നിന്ന് പറഞ്ഞുവിട്ടതെന്ന് പ്രാണയുടെ സംവിധായകൻ വി.കെ.പ്രകാശ് പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ അവർ ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. ഫെഫ്കയിൽ അവർക്ക് മെമ്പർഷിപ്പില്ലെന്ന് പറയുന്നു. ഇത്തരം ആളുകൾക്ക് മെമ്പർഷിപ്പ് നൽകരുതെന്നാണ് എന്റെ അഭിപ്രായം വി.കെ.പ്രകാശ് കൂട്ടിച്ചേർത്തു.
സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് പ്രൊഡക്ഷൻ കൺട്രോളറും കേസിലെ എതിർകക്ഷിയുമായ ബാദുഷ പറയുന്നു. അസിസ്റ്റന്റ്സ് വഴി വിവരങ്ങളറിഞ്ഞിരുന്നു. പോലീസിനെ വിളിക്കേണ്ടി വരുമെന്ന് ഹോട്ടലുകാർ പറഞ്ഞപ്പോൾ ആവശ്യമെങ്കിൽ വിളിച്ചുകൊള്ളൂ എന്നു പറഞ്ഞിരുന്നു. ഹർത്താൽ ദിവസമായിട്ടുപോലും അവരെ കൊണ്ടുപോകാൻ പിറ്റേന്ന് വാഹനം ഒരുക്കിയിരുന്നു. എറണാകുളത്ത് എത്തിയ ശേഷം അവർ സുരക്ഷിതയായി എത്തി എന്നറിയിച്ച് വിളിക്കുകയും ചെയ്തു ബാദുഷ പറഞ്ഞു.
അതേസമയം, ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ജൂലിയെ സെറ്റിൽ നിന്ന് പറഞ്ഞുവിട്ടതെന്ന് പ്രാണയുടെ സംവിധായകൻ വി.കെ.പ്രകാശ് പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ അവർ ഇങ്ങനെ സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കി. വില്ലയിലെ ആളുകൾ ഞങ്ങളോട് ഒഴിഞ്ഞുപോകാൻ വരെ പറഞ്ഞു. ഒടുവിൽ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു.
അവർ അവിടെ ഉണ്ടാക്കിയ പ്രശ്നങ്ങൾ എത്രയാണെന്ന് അവിടെപോയി അന്വേഷിച്ചാൽ മനസ്സിലാകും. സെറ്റിലെ ആരോട് വേണമെങ്കിലും ചോദിക്കാം. ഇത്രയും പ്രശ്നമുണ്ടാക്കിയിട്ടും അവർക്ക് സാലറിയും നൽകി മാന്യമായാണ് പറഞ്ഞുവിട്ടത്. എന്നിട്ടും പിന്നീട് വിളിച്ചില്ല എന്നൊക്കെ പറയുന്നത് എന്തിനാണ് വി.കെ.പ്രകാശ് കൂട്ടിച്ചേർത്തു.