കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെ; എംഎ നിഷാദ്

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം സിനിമയാക്കുന്നതിനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരയ്ക്കാരായി സ്‌ക്രീനില്‍ ജീവിക്കാന്‍ ഒരുങ്ങുന്നത് രണ്ടു സൂപ്പര്‍ താരങ്ങളും. ചരിത്ര നായകന്റെ ജീവിതകഥ സിനിമയാക്കാന്‍ സംവിധായകരായ പ്രിയദര്‍ശനും സന്തോഷ് ശിവനും ഒരേസമയം പരിശ്രമിക്കുകയാണ്. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലാണു കുഞ്ഞാലി മരയ്ക്കാര്‍, സന്തോഷ് ശിവന്റെ നായകന്‍ മമ്മൂട്ടിയും. ഇരുതാരങ്ങളുടെയും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണ് ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെയാണെന്നാണ് സംവിധായകന്‍ എം.എ. നിഷാദ് പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇങ്ങനെയൊരു ഇതിഹാസ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്ദനം. അതിമനോഹരമായ ദൃശ്യങ്ങളാല്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം വെള്ളിത്തിരയില്‍ സന്തോഷ് ശിവന്‍ ഗംഭീരമാക്കുമെന്നാണ് എന്റെ വിശ്വാസം. മമ്മൂട്ടി ആ കഥാപാത്രത്തോട് പൂര്‍ണമായും നീതിപുലര്‍ത്തും.’ എം.എ. നിഷാദ് പറഞ്ഞു.