ആനപാപ്പാനായി മോഹന്‍ലാല്‍; പ്രതീക്ഷയോടെ ആരാധകര്‍

വ്യത്യസ്തങ്ങളായ വേഷങ്ങള്‍ ചെയ്യാനും അതിന് എങ്ങനെ വേണമെങ്കിലും റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള ആളാണ് മോഹൻലാൽ. എന്നാല്‍ ഇതുവരെ ചെയ്തിട്ടില്ലാത്തൊരു വേഷം ചെയ്യുന്ന ത്രില്ലിലാണ് മോഹന്‍ലാല്‍. നീണ്ട 12 വര്‍ഷത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാല്‍ ആനപാപ്പാന്റെ വേഷമണിയുന്നത്.

നാലുമാസം മുന്‍പ് വെളിപാടിന്റെ പുസ്തകത്തിലെ ചിത്രീകരണ വേളയിലാണ് ഭദ്രന്‍ പുതിയ ചിത്രത്തിന്റെ കഥ മോഹന്‍ലാലിനോട് പറയുന്നത്. കഥ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ അടുത്തവര്‍ഷത്തേക്ക് ഡേറ്റ് നല്‍കുകയും ചെയ്തു.

കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥാരചന ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. സ്ഫടികത്തിനു ശേഷം 12 വര്‍ഷത്തിനു മുന്‍പ് ഉടയോനു വേണ്ടിയാണ് ലാലും ഭദ്രനും ഒന്നിച്ചത്. ഉടയോന് ബോക്‌സോഫീസില്‍ ഉദ്ദേശിച്ച വിജയം കാണാനായില്ല. ചിലപ്പോള്‍ നല്ലൊരു വിജയത്തിനായിരിക്കാം ഇരുവരും ഇനി ഒന്നിക്കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ.