‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം?


ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രം ദിലീപിന്റെ ജയില്‍ വാസവും അനുബന്ധസംഭവങ്ങളുമാണെന്ന് സൂചന. ദിലീപിന്റെ ജയില്‍ ജീവിതവുമായി സാമ്യമുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു സൂപ്പര്‍താരമായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര.കഥാതന്തു പുറത്ത് വരാതിരിക്കാന്‍ അതീവ രഹസ്യമായാണ ഈചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്‌

ദിലീപിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഇര എന്ന പേരും ഉണ്ണിയുടെ കഥാപാത്രത്തിന്റെ ലുക്കും സംശയങ്ങള്‍ക്ക് കാരണമായിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റര്‍.

ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന സൂപ്പര്‍ താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ഇപ്രകാരം ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയിൽ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

 

സുനിത സുനിൽ

സൗബിന്‍ സാഹിർ വിവാഹിതനാകുന്നു


സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രിയങ്കരനായ സൗബിന്‍ സാഹിർ വിവാഹിതനാകുന്നു. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു .
സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്.
2003–ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ, സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

മംമ്തയ്ക്കും മിയക്കും റിമകല്ലിങ്കലിന്റെ മറുപടി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍. മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനും അവകാശങ്ങള്‍ ഉറക്കെപറയാനുമായി വനിതാ താര സംഘടന രൂപീകരിക്കപ്പെട്ടതും ഇതിന് ശേഷമായിരുന്നു.

എന്നാല്‍ സംഘടനയെ സംബന്ധിച്ചടുത്തോളം വനിതാ താരങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. മംമ്താ മോഹന്‍ദാസും ശ്വേത മേനോനും മിയ ജോര്‍ജും പരസ്യമായി അഭിപ്രായവ്യത്യാസം രേഖപ്പെടുത്തി.

മോശം അനുഭവം ഉണ്ടായിട്ടില്ല

ഇത്തരം അഭിപ്രായങ്ങള്‍ക്കെല്ലാം മറുപടിയുമായാണ് നടിയും വനിതാ താരസംഘടനയും സംഘാടകരില്‍ പ്രമുഖയുമായ റിമ കല്ലിംഗല്‍ രംഗത്തെത്തിയത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ നിലപാട് വ്യക്തമാക്കിയത്.

മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തിനാല്‍ സിനിമയിലെ വുമണ്‍ കളക്ടീവിന്റെ ആവശ്യകതയില്ലെന്നാണ് മംമ്തയും ശ്വേതയും മിയയും നമിതയും പറഞ്ഞത്. തനിക്കും അത്തരം മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് റിമ വ്യക്തമാക്കി.

എന്നാല്‍ ഏതെങ്കിലും വ്യക്തിക്കള്‍ക്ക് മോശം അനുഭവം ഉണ്ടാകുന്നുണ്ടോയെന്ന് നോക്കിയല്ല സംഘടനകള്‍ രൂപികരിക്കുന്നതെന്നും സിനിമാ മേഖലയില്‍ ഒരാള്‍ക്കുപോലും മോശം അനുഭവം ഉണ്ടാകാതിരിക്കാനാണ് വുമണ്‍ കളക്ടീവ് രൂപീകരിച്ചതെന്നും റിമ വിശദീകരിച്ചു.

ലോക സിനിമയെ ഞെട്ടിച്ച ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരായ ലൈംഗികാരോപണ കേസ് ഒരു വലിയ പാഠമാണെന്നും അവര്‍ ചൂണ്ടികാട്ടി. പ്രതികരിക്കാതിരിക്കുന്നതാണ് എല്ലായിടത്തും പ്രശ്‌നമെന്നും ഒന്നിച്ച് നിന്നാല്‍ ആര്‍ക്കും സ്ത്രീകളെ ഒന്നും ചെയ്യാനാകില്ലെന്നും റിമ വിവരിച്ചു.

നടി ആക്രിമിക്കപ്പെട്ടപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കാത്തവരോട് സഹതാപം മാത്രമേയുള്ളു. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും തിരിച്ചറിയാനുമായില്ല. നടിക്കൊപ്പം ആരുമുണ്ടാകില്ലെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ലെന്നും റിമ വ്യക്തമാക്കി.

കേസില്‍ അകത്തായ വ്യക്തിക്ക് ജാമ്യം കിട്ടിയപ്പോള്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് ലഡു വിതരണം ചെയ്തത് വളരെ ചെറിയ മൈനോറിറ്റി മാത്രമാണ്. അതിന്റെ ആയിരം ഇരട്ടി പിന്തുണ നടിക്കുണ്ടെന്ന് ഇവര്‍ മനസ്സിലാക്കണം.

കേരളത്തിലെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും അവള്‍ക്കൊപ്പമാണെന്നും റിമ ചൂണ്ടികാട്ടി.

 

 

കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെ; എംഎ നിഷാദ്

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം സിനിമയാക്കുന്നതിനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരയ്ക്കാരായി സ്‌ക്രീനില്‍ ജീവിക്കാന്‍ ഒരുങ്ങുന്നത് രണ്ടു സൂപ്പര്‍ താരങ്ങളും. ചരിത്ര നായകന്റെ ജീവിതകഥ സിനിമയാക്കാന്‍ സംവിധായകരായ പ്രിയദര്‍ശനും സന്തോഷ് ശിവനും ഒരേസമയം പരിശ്രമിക്കുകയാണ്. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലാണു കുഞ്ഞാലി മരയ്ക്കാര്‍, സന്തോഷ് ശിവന്റെ നായകന്‍ മമ്മൂട്ടിയും. ഇരുതാരങ്ങളുടെയും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണ് ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെയാണെന്നാണ് സംവിധായകന്‍ എം.എ. നിഷാദ് പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇങ്ങനെയൊരു ഇതിഹാസ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്ദനം. അതിമനോഹരമായ ദൃശ്യങ്ങളാല്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം വെള്ളിത്തിരയില്‍ സന്തോഷ് ശിവന്‍ ഗംഭീരമാക്കുമെന്നാണ് എന്റെ വിശ്വാസം. മമ്മൂട്ടി ആ കഥാപാത്രത്തോട് പൂര്‍ണമായും നീതിപുലര്‍ത്തും.’ എം.എ. നിഷാദ് പറഞ്ഞു.

 

 

എന്റെ സമ്പാദ്യം മുഴുവന്‍ നിനക്ക് വേണ്ടി – അമലാ പോളിനോട് ആര്യ

നിന്നെയാണ് എനിക്ക് ഇഷ്ടമെന്ന് തന്റെ നായികമാരോടെല്ലാം ആര്യ പറയാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നയന്‍താരയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ അമലാ പോളിനോട് ആര്യ പറഞ്ഞ കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആര്യയുടെ തമാശയ്ക്ക് അമലാ പോളും അതേ നാണയത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്.
ഞാന്‍ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ പ്രണയത്തില്‍ വീണുപോയി എന്നാണ് തമാശയല്ല എന്ന ഹാഷ് ടാഗോടെ ആര്യ പറഞ്ഞത്. നീയിതാരോടും പറയില്ലെന്ന് വാക്കു തന്നിട്ടുള്ളതല്ലെ എന്ന് തമാശ നിര്‍ത്തു ഹാഷ്ടാഗോടെ അമലാ പോളും പോസ്റ്റ് ചെയ്തു.

 

ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ്

ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിലുടന്‍ രജിസ്‌ട്രേഷന്‍ മാറും. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിലാണ് ഈ കാര്യം അറിയിച്ചത്.

പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഢംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ് റോയ്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉടമകളാരും കേരളത്തില്‍ ഇല്ലെന്ന മറുപടിയാണ് ഫഌറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. നിലവില്‍ കട്ടപ്പനയില്‍ സിനിമ ഷൂട്ടിങ്ങിലാണ് ഫഹദ് ഫാസിലുള്ളത്. കാറുടമകള്‍ നിസ്സഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഢംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. തെന്നിന്ത്യന്‍ താരം അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്.

 

 

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ സുരേഷ് ഗോപിയും

കൊച്ചി: അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. സുരേഷ് ഗോപിയുടെ ആഡംബര കാറായ ജഥ 01 ആഅ 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്.

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളു.എന്നാല്‍, വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കി അതുവച്ചാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

കടലിനുള്ളില്‍ ബിക്കിനി ഫോട്ടോ ഷൂട്ടുമായി ശ്രേയ

തെന്നിന്ത്യന്‍ നായിക ശ്രേയ ശരണിന്റെ കടലിനടിയിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബിക്കിനിയണിഞ്ഞ താരത്തിന്റെ ചിത്രം പകര്‍ത്തിയത് അനുപ്‌ജെകാറ്റ് ആണ്. ‘ ഞാനാണ് ചെയ്തത് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന കുറിപ്പോടെയാണ് ശ്രേയ തന്റെ ബിക്കിനി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്തോനേഷ്യയിലെ ബാന്‍ധ കടലിലാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. 34 കാരിയായ നടി നിരവധി ഹോട്ട് ചിത്രങ്ങളാണ് തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

 

 

 

അച്ചായൻസിനു ശേഷം ക്രൈം ത്രില്ലറുമായി കണ്ണൻ താമരക്കുളവും ഉണ്ണി മുകുന്ദനും വീണ്ടും


ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം കണ്ണൻ താമരക്കുളം വീണ്ടും. ഫൈസൽ മുഹമ്മദ് നിർമ്മിക്കുന്ന സിനിമയിൽ ഉണ്ണി മുകുന്ദനാണ് നായകൻ. തൻ്റെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇതൊരു ക്രൈം ത്രില്ലർ കഥയാണിതെന്ന് കണ്ണൻ.
കണ്ണൻ്റെ ഭാഗ്യ നായകനായ ജയറാമില്ലാതെ ചെയ്യുന്ന ആദ്യ സിനിമയാണ് ഇത്. അച്ചായൻസിനു ശേഷം ഉണ്ണി മുകുന്ദനും കണ്ണനും ഒരുമിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. സിനിമയുടെ തിരക്കഥ ദിനേശ് പള്ളത്താണ്. ആടുപുലിയാട്ടത്തിനു ശേഷം ദിനേശും കണ്ണനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം നവംബർ അവസാന വാരം ആരംഭിക്കും. ചിത്രത്തിൻ്റെ പേരും വിവരങ്ങളും ഉടൻ അറിയിക്കുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം അറിയിച്ചു.

ലൊക്കേഷനില്‍ ലൈംഗികാതിക്രമം; പരാതിയുമായി നിത്യാ മേനോൻ ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്


കൊച്ചി: കുമളിയിൽ സിനിമയിൽ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ. നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന പ്രാണ എന്ന ചിത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ജൂലി എറണാകുളം ഐജി ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒക്ടോബർ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലേദിവസം ലൊക്കേഷനിൽ നിന്ന് തിരിച്ചുവന്നപ്പോൾ സലിം വില്ലയിലെ എന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയിൽ നിന്ന് വിലയേറിയ ബ്രാൻഡഡ് മേക്കപ്പ്സാധനങ്ങൾ ഉൾപ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും ജൂലി പറയുന്നു.
താൻ താമസിച്ചിരുന്ന സലിം വില്ലയിൽ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയിൽ പറയുന്നു. തന്റെ ശക്തമായ ചെറുത്തുനിൽപിനെ തുടർന്ന് ആളുകൾ കൂടിയതിനാൽ ഇവർ പിന്തിരിയുകയായിരുന്നു. പിന്നീട് ഇവർ കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് തനിയ്ക്കെതിരെ നടത്തിയതെന്നും ജൂലി കൂട്ടിച്ചേർത്തു.
11 വർഷമായി പരസ്യചിത്രീകരണ രംഗത്തും ബ്രൈഡൽ മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി. ഇപ്പോൾ പുറത്തിറങ്ങിയ തമിഴ് ചിത്രം മെർസലിൽ ഉൾപ്പെടെ നിത്യ മേനോന്റെ പേഴ്സണൽ മേക്കപ്പ്ആർട്ടിസ്റ്റായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജൂലി മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, ഇഷാ തൽവാർ, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്തരായ താരങ്ങൾക്കായി ചമയമൊരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയെയും എതിർകക്ഷിയാക്കിയാണ് ജൂലി പരാതി നൽകിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയിൽ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. സലിം വില്ലയിൽ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ നിസ്സഹായരായ സ്ത്രീകൾ പരാതിപ്പെടാത്തതാണെന്നും പരാതിയിൽ ജൂലി പറഞ്ഞിട്ടുണ്ട്.
ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന പേരിൽ എന്നെ മുറിയിൽ പൂട്ടിയിട്ട് അണിയറ പ്രവർത്തകർ പോലീസിനെ മടക്കി അയയ്ക്കുകയായിരുന്നു. പോലീസിൽ പരാതി നൽകാതിരിക്കാൻ പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തിൽ കയറ്റി എറണാകുളത്ത് കൊണ്ടുവിടുകയായിരുന്നെന്നും ജൂലിയുടെ പരാതിയിലുണ്ട്.
ഒക്ടോബർ 16ന് എറണാകുളത്ത് എത്തിയിട്ട് ഒരുതവണ പോലും ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറപ്രവർത്തകരോ തന്നെ വിളിച്ചിട്ടില്ലെന്ന് ജൂലി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചിത്രത്തിലെ നായിക എറണാകുളത്ത് വരുമ്പോൾ കാണാമെന്നറിയിച്ചു. പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചപ്പോൾ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഒരു വിവരവുമില്ല-ജൂലി പറഞ്ഞു. തനിയ്ക്കുണ്ടായ അനുഭവം ഇനിയൊരാൾക്കും ഉണ്ടാകാതിരിക്കാനാണ് ഈ പോരാട്ടമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ജൂലിയെ സെറ്റിൽ നിന്ന് പറഞ്ഞുവിട്ടതെന്ന് പ്രാണയുടെ സംവിധായകൻ വി.കെ.പ്രകാശ് പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ അവർ ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. ഫെഫ്കയിൽ അവർക്ക് മെമ്പർഷിപ്പില്ലെന്ന് പറയുന്നു. ഇത്തരം ആളുകൾക്ക് മെമ്പർഷിപ്പ് നൽകരുതെന്നാണ് എന്റെ അഭിപ്രായം വി.കെ.പ്രകാശ് കൂട്ടിച്ചേർത്തു.
സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് പ്രൊഡക്ഷൻ കൺട്രോളറും കേസിലെ എതിർകക്ഷിയുമായ ബാദുഷ പറയുന്നു. അസിസ്റ്റന്റ്സ് വഴി വിവരങ്ങളറിഞ്ഞിരുന്നു. പോലീസിനെ വിളിക്കേണ്ടി വരുമെന്ന് ഹോട്ടലുകാർ പറഞ്ഞപ്പോൾ ആവശ്യമെങ്കിൽ വിളിച്ചുകൊള്ളൂ എന്നു പറഞ്ഞിരുന്നു. ഹർത്താൽ ദിവസമായിട്ടുപോലും അവരെ കൊണ്ടുപോകാൻ പിറ്റേന്ന് വാഹനം ഒരുക്കിയിരുന്നു. എറണാകുളത്ത് എത്തിയ ശേഷം അവർ സുരക്ഷിതയായി എത്തി എന്നറിയിച്ച് വിളിക്കുകയും ചെയ്തു ബാദുഷ പറഞ്ഞു.
അതേസമയം, ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ജൂലിയെ സെറ്റിൽ നിന്ന് പറഞ്ഞുവിട്ടതെന്ന് പ്രാണയുടെ സംവിധായകൻ വി.കെ.പ്രകാശ് പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ അവർ ഇങ്ങനെ സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കി. വില്ലയിലെ ആളുകൾ ഞങ്ങളോട് ഒഴിഞ്ഞുപോകാൻ വരെ പറഞ്ഞു. ഒടുവിൽ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു.
അവർ അവിടെ ഉണ്ടാക്കിയ പ്രശ്നങ്ങൾ എത്രയാണെന്ന് അവിടെപോയി അന്വേഷിച്ചാൽ മനസ്സിലാകും. സെറ്റിലെ ആരോട് വേണമെങ്കിലും ചോദിക്കാം. ഇത്രയും പ്രശ്നമുണ്ടാക്കിയിട്ടും അവർക്ക് സാലറിയും നൽകി മാന്യമായാണ് പറഞ്ഞുവിട്ടത്. എന്നിട്ടും പിന്നീട് വിളിച്ചില്ല എന്നൊക്കെ പറയുന്നത് എന്തിനാണ് വി.കെ.പ്രകാശ് കൂട്ടിച്ചേർത്തു.