പല തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്; സജിതാ മഠത്തിൽ

സിനിമയിൽ ഇത് തുറന്നു പറച്ചിലുകളുടെ കാലമാണ്. നടിമാരിൽ പലരും തങ്ങൾക്ക് ഉണ്ടായ അനുഭവം തുറന്നുപറയാന്‍ തയ്യാറായി. സിനിമയിലെ സഹപ്രവര്‍ത്തകരാൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന പാർവതിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സജിതാ മഠത്തിൽ.
താന്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന് പറയുകയാണ് നടി സജിത മഠത്തില്‍. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ‘മി ടൂ’ ക്യാമ്പയിന്റെ ഭാഗമായാണ് സജിതയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ അഭിനേത്രി അലിസാ മിലാനോവാണ്‌ ക്യാമ്പയിന് തുടക്കം കുറിച്ചത്. ലൈംഗിക പീഡനങ്ങള്‍ പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെന്നും പലരും മനഃപൂര്‍വം ചെയ്യുന്നതാണെന്നും സജിത ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞു.
കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്. ഉയര്‍ന്ന നിലയില്‍ വിരാജിക്കുന്നവരും പ്രതിഭകളും അതിസമര്‍ഥരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പുള്ളവരുമായി ഇനിയും ഒരുപാട് ഒരുപാട് പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, അത് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ക്കറിയാം. അത് തടയാനാവുമെന്നും നിങ്ങള്‍ക്ക് അറിയാമെന്നും സജിത പറഞ്ഞു.