എല്ലാവര്‍ക്കും ഒരു പാഠമാണ് ഈ സംവിധായകന്റെ കഥ; സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍


സംവിധായകന്‍ ആവുക എന്നത് പലരുടെയും സ്വപ്നമാണ്. സ്വന്തമായി സംവിധാനം ചെയ്ത സിനിമയോ, ഷോര്‍ട് ഫിലിമോ, ആല്‍ബമോ എന്തുമാകട്ടെ സ്‌ക്രീനില്‍ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയില്ല. പക്ഷേ വ്യക്തമായ ധാരണയില്ലാതെയും ജോലി ചെയ്യുന്ന മേഖലയെക്കുറിച്ച് ഒന്നും അറിയാതെയും സംവിധായകന്‍ ആകാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരുണ്ട്. അവര്‍ക്കുള്ളൊരു പാഠമാണ് സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍.

ഒരു ഷോര്‍ട് ഫിലിം ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുകയും ഒടുവില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ കളളനായി മാറുകയും ചെയ്ത ഒരു കോളേജ് വിദ്യാര്‍ഥിയുടെ കഥയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വിഡിയോയിലൂടെ പറയുന്നത്. 10,000 രൂപയ്ക്ക് ഷോര്‍ട് ഫിലിം ചെയ്യാന്‍ ഇറങ്ങിയ യുവാവിന് ഒടുവില്‍ ചെലവായത് 60,000 രൂപ. എന്നിട്ടോ ആ ഷോര്‍ട് ഫിലിം പൂര്‍ത്തിയാക്കാന്‍ സാധിച്ചതുമില്ല.

ഇത് സംവിധായകന്‍ ആകാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. നിരവധി നിര്‍മാതാക്കളും ഇത്തരത്തില്‍ ചതിയില്‍ അകപ്പെടുന്നുണ്ട്. ‘ഇപ്പോഴും നിര്‍മാതാക്കള്‍ ചതിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ആറു മാസം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കാരണമായതെന്ന് സന്തോഷ് പണ്ഡിറ്റ് ഐഇ മലയാളത്തോട് പറഞ്ഞു. ബജറ്റിനക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഒടുവില്‍ കിടപ്പാടം പോലും പണയം വയ്‌ക്കേണ്ടി വന്ന നിര്‍മാതാക്കളുണ്ട്. ഒരു പെട്ടിക്കട തുടങ്ങുമ്പോള്‍ പോലും മുന്‍പ് ആ തൊഴില്‍ ചെയ്തിരുന്ന ഒരാളോട് ചോദിക്കുന്നുണ്ട്. പക്ഷേ കോടികള്‍ മുതല്‍ മുടക്കി സിനിമ എടുക്കാന്‍ പോകുമ്പോള്‍ അതിനെക്കുറിച്ച് അറിയാവുന്ന മറ്റൊരു നിര്‍മാതാവിനോട് ചോദിക്കാത്തത് എന്താണ്?. ആരെങ്കിലും പറയുന്നതുകേട്ട് സിനിമ എടുക്കാന്‍ ഇറങ്ങി പുറപ്പെടാതെ അതിനെക്കുറിച്ച് അറിഞ്ഞിട്ട് പോവുക’യെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.