വിവാഹ മംഗളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി; പക്ഷെ ഒരു ചെറിയ തിരുത്ത്: ശ്രീകുമാർ

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ നടന്‍ എസ്.പി ശ്രീകുമാര്‍ വിവാഹിതനായ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. താരം തന്നെയാണ് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

‘എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെയാണ് ശ്രീകുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ അതൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്ന് ചെറിയ തിരുത്തലോടെ താരം രംഗത്തെത്തി.

ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. ചിലര്‍ ഫോണില്‍ വിളിക്കുകയും ചെയ്തു. തന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ? എന്ന് താരം ചോദിച്ചു.

ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പക്ഷെ ഒരു ചെറിയ തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി…….’