അഭിപ്രായ സ്വാതന്ത്രമില്ലെങ്കില്‍ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് പറയരുത്; വിജയ് സേതുപതി

വിജയ് കേന്ദ്ര കഥാപാത്രമാകുന്ന മെര്‍സല്‍ എന്ന തമിഴ് ചിത്രത്തിനെതിരേ ബിജെപി രംഗത്തു വരികയും സിനിമയിലെ ചില രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെടുകയും ചെയ്തത് രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ സംഘപരിവാര്‍ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ വന്‍ പ്രതിഷേധമാണ് സിനിമ മേഖലിയില്‍ നിന്നും മറ്റു മേഖലയില്‍ നിന്നുമുയരുന്നത്. ഈ വിഷയത്തില് നടന്‍ വിജയ് സേതുപതിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി. തമിഴിന്റെ മക്കള്‍ ശെല്‍വം ട്വിറ്ററില്‍ കുറിച്ചു. പാ രഞ്ജിത്ത്, കമല്‍ഹാസന്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ബിജെപിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ചാണ്് വിജയ് നായകനാകുന്ന മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. അണിയറ പ്രവര്‍ത്തകരോട് ഈ രംഗങ്ങള്‍ നീക്കം ചെയ്യാണമെന്ന് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെടുകയും രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.